മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിനുകളും റദ്ദാക്കി, കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലും നിയന്ത്രണം: രാജ്യം കടുത്ത നടപടികളിലേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിംഗിലാണ് സര്‍വീസ് നിറുത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.

നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്ക് അടുത്ത 72 മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിറുത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് രാത്രി 12ന് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കാന്‍ പാടില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സര്‍വീസ് അവസാനിപ്പിക്കും. റെയില്‍വെ മന്ത്രി അനുമതി നല്‍കുന്നതോടെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് സൂചന.

അതേസമയം, കെ.എസ്. ആര്‍.ടി സി.യും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ കുറയ്ക്കും. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമാണ് സര്‍വീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ഉറപ്പാക്കും. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന.

Content Highlight: High restrictions may imposed in India over corona virus scare