ന്യൂഡല്‍ഹി: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാധ്യമങ്ങളോട് പറഞ്ഞത്. അരിയും ഗോതമ്പുമടക്കം മൂന്നുമാസത്തേയ്ക്കാണ് ഭക്ഷ്യധാന്യം സബ്സിഡിയോട് കൂടി നല്‍കുക. ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കൂടാതെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കടകളില്‍ പോകുമ്പോള്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കേരളത്തിലും സമാനമായ നടപടി പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്.
Content Highlight: Central Government to make sure food supply on complete Lock Down