കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ 27 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ് ന്യൂനപക്ഷമേഖല കൂടിയാണിത്.

ഇന്ന് രാവിലെ 7.45 നാണ് ഇവിടെ ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് ഇവര്‍ ധരംശാലയില്‍ പ്രവേശിച്ചത്. അക്രമികളെ കീഴ്പ്പെടുത്താന്‍ സുരക്ഷാസേന ശ്രമം തുടരുകയാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്.

അതേസമയം ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായ ഹിന്ദു, സിഖ് മതവിഭാഗത്തില്‍ ഉള്ളവര്‍ക്ക് എത്രയും പെട്ടെന്ന് കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്നും മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവാണിതെന്നുമാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്.

Content Highlight: Terrorist Attack in Kabool, 11 died.