ഏത്തമിടീച്ച നടപടി സംസ്കാരത്തിന് ചേരാത്തത്; യതീഷ് ചന്ദ്രക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

cm against sp yathish chandra

കണ്ണുരിൽ ലോക്ക്ഡൌൺ ലംഘിച്ചതിന് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. എസ്പിയുടെ നടപടി ശരിയായില്ലെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊലീസിൻ്റെ  യശസ്സിന് ഇത്തരം പ്രവർത്തനങ്ങൾ മങ്ങലേൽപ്പിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാഥമിക സൗകര്യം പോലുമില്ലാത്തിടങ്ങളിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനെ കുറിച്ച് പൊതുവേ ജനങ്ങള്‍ക്കിടയില്‍ മതിപ്പുമുണ്ട്. ആ മതിപ്പിനെ പോലും ഇല്ലാതാക്കുന്ന ഇത്തരം നടപടി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. 

ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടിയുടെ സാഹചര്യം വ്യക്തമാക്കണമെന്നും നിയമപരമായ നടപടികളെ പാടുള്ളൂവെന്ന് ഡി.ജി.പി യതീഷ് ചന്ദ്രയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ അഴീക്കലിൽ വച്ചാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യമായി ശിക്ഷ നടപ്പാക്കുന്നത്. 

content highlights: cm against sp yathish chandra