തിരുവനന്തപുരത്തെ റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന്; കാസര്‍ഗോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171 സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും. അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം അതീവ ജാഗ്രത തുടരുന്ന കാസര്‍കോട്ടേക്ക് ഇന്ന് പുറപ്പെടും. ആരോഗ്യ മന്ത്രി കെ കെ ശൈലജ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘം പോകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്. താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും.

Content Highlight: Health Minister K K Shailaja flag off medical team to Kasargod