കുടുംബശ്രീ വഴി 2000 കോടി; സഹായ ഹസ്തം വായ്പാ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിക്ക് അംഗീകാരം. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി വഴി 2000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തുന്നത്.

കൊവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസവും അവരുടെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തി 5000 മുതല്‍ 20000 രൂപവരെ വായ്പ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വായ്പ്പാ നിബന്ധനകള്‍ :

  • 2019 ഡിസംബര്‍ 31 ന് മുന്‍പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുന്നത്.
  • അയല്‍ക്കൂട്ടങ്ങള്‍ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്.
  • ബാങ്കുകള്‍ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയര്‍ത്തിയോ തുക അനുവദിക്കണം.
  • ബാങ്കുകള്‍ 8.5 ശതമാനം മുതല്‍ 9 ശതമാനം വരെ പലിശക്ക് അയല്‍കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യാമാക്കുകയും, തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തില്‍ വായ്പാപലിശ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.
  • ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി.
  • മൊറട്ടോറിയം കാലാവധിക്ക് ശേഷം അയല്‍ക്കൂട്ടങ്ങള്‍ പലിശ സഹിതമുള്ള തവണകള്‍ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വര്‍ഷ ഗഡുക്കളായി സര്‍ക്കാരില്‍ നിന്നും സബ്‌സിഡി ആയി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കും.
  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളമോ പെന്‍ഷനോ പറ്റുന്നവര്‍ അവരുടെ കുടുംബാംഗങ്ങള്‍ പ്രതിമാസം 10000 രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് വായ്പ നല്‍കാന്‍ വ്യവസ്ഥയില്ല.
  • സാമൂഹിക പെന്‍ഷനും ഓണറേറിയവും കിട്ടുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പ നല്‍കാം.

Content Highlight: Kerala Government approves 2000 crore as Loan to SHGs