ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19; ആശങ്ക വിട്ടൊഴിയാതെ മുംബൈ

മുംബൈ: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ചേരി നിവാസികളായ 30കാരിയ്ക്കും 48കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്‍പ്പറേഷന്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 600 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 147 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം സംസ്ഥാനത്ത് ഇതുവരെ 32 പേരാണ് മരിച്ചത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്ടെന്ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

Content Highlight: Two more corona cases reported from Dharavi, Mumbai