ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എൻ്റെ അനുഭവത്തിൽ ഇതാദ്യം; ശശി തരൂർ

Coronavirus, Shashi Tharoor On Trump

ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തൻ്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. കൊവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവനക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 

‘എൻ്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍ ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡൻ്റ്? ഇന്ത്യ നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാൽ മാത്രമെ അത് നിങ്ങൾക്ക് ലഭിക്കുകയുള്ളു’ ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 

കൊവിഡ് പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്കുള്ള വിതരണത്തിന് അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും അനുമതി നല്‍കിയില്ലെങ്കില്‍  തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും  എന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.

content highlights: Coronavirus, Shashi Tharoor On Trump “Openly Threatening” India Over Export Of Drug