സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ വിദേശത്തിന് നിന്ന് വന്നവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. അതേസമയം ഇന്ന് 19 പേർക്ക് രോഗം ഭേദമായി. കാസർകോട് 9 പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര് ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ ഉണ്ട്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,163 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.
ഈസ്റ്റര്‍ സന്ദേശത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലോകം കൊവിഡ് 19 എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഇതിനെ അതിജീവിക്കാനുള്ള ശക്തികൂടിയാണ് ഈസ്റ്റര്‍ പകരുന്നതെന്ന് ഈസ്റ്റര്‍ ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാൻ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ യോഗത്തിലെ പ്രധാന ചര്‍ച്ചകളും മുഖ്യമന്ത്രി വിശദമാക്കി.
content highlights: CM Pinarayi Vijayan press meet