ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനാൽ ഗുജറാത്ത് പൊലീസ് കേസെടുത്തു; ഭയപ്പെടുത്താനാവില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

police case against kannan gopinathan

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്നാണ് കണ്ണൻ ഗോപിനാഥനെതിരെയുള്ള ആരോപണം.

‘അമിത് ഷാ, ഇത് നല്ല നീക്കമാണ്. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പക്ഷേ നിശബ്ദനാക്കാന്‍ പറ്റില്ല. ഇവിടെ ആരും നിങ്ങളെ ഭയപ്പെടുന്നില്ല’.  കണ്ണന്‍ ഗോപിനാഥന്‍ തൻ്റെ കേസിനുള്ള മറുപടിയായി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജോലിയില്‍ തിരികെയെത്തണമെന്നായിരുന്നു കണ്ണന്‍ ഗോപിനാഥിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് മറുപടി നല്‍കിയിരുന്നു. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയ്ക്ക് ആ കടമ നിര്‍വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിൻ്റെ കശ്മീര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജി വെച്ചത്. എന്നാൽ കണ്ണന്‍ ഗോപിനാഥൻ്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും, ജോലിക്ക് തിരിച്ചുകയറണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രം 2019 ഓഗസ്റ്റ് 27ന് നല്‍കിയിരുന്നു. എന്നാൽ ഉത്തരവ് സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാരിൻ്റെ വിവിധ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നിരവധി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി വരികയാണ് അദ്ദേഹം.

content highlights: police case against kannan gopinathan