തെറ്റായ പരിശോധന ഫലം ലഭിക്കുന്നതിനെ തുടർന്ന് റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ച് രാജസ്ഥാൻ

Rajasthan ceases use of rapid testing kits as most results invalid

കോവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ച് രാജസ്ഥാൻ. തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റ് പരിശോധന നിർത്തിവയ്ക്കുന്നതെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

പരിശോധനാ ഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 5.4% കൃത്യതയാർന്ന ഫലം മാത്രമാണ് കിറ്റ് നൽകുന്നത്. സവായ് മൻ സിംഗ് ആശുപത്രിയിൽ രൂപീകരിച്ച ആരോഗ്യ രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്. 168 സാംപിളുകളാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയത്. ഇതിൽ കൊവിഡ് പോസിറ്റീവായ രോഗികളുടെ സാംപിളുകളും പരിശോധിച്ചിരുന്നു. പിസിആർ ടെസ്റ്റ് വഴി കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞ സാംപിളുകൾ എന്നാൽ റാപ്പിഡ് ടെസ്റ്റ് കിറ്റ് വഴി പരിശോധിച്ചപ്പോൾ നെഗറ്റീവാണ് കാണിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജസ്ഥാനിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള സ്രവ പരിശോധന ആരംഭിച്ചത്. രാജസ്ഥാനില്‍ ഇതുവരെ 1570 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ മരിച്ചു.

content highlights: Rajasthan ceases use of rapid testing kits as most results invalid