സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് 5 പേർക്കും, മലപ്പുറം 4 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 2 പേർക്കും വീതവും കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ വിദേശത്തുനിന്ന് വന്നവരാണ്. 4 പേർ തമിഴ്നാട്ടിൽ നിന്നും 2 പേർ മുംബെെയിൽ നിന്നും എത്തിയവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് ആർക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 80 പേരാണ് ചികിത്സയിലുള്ളത്. 48,825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48,287 പേർ വീടുകളിലും 538 പേർ ആശുപത്രിയിലുമാണ്. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 36 പേരെയാണ് ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചത്. വയനാട്ടിൽ 19 പേരെയും കോഴിക്കോട് 17 പേരെയും കാസർകോട്ട് 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി. വിവിധ മാർഗങ്ങളിൽ 3,732 പ്രവാസികൾ മടങ്ങിയെത്തി. 17 വിമാനങ്ങളിലും 3 കപ്പലുകളിലുമായാണ് ഇവരെത്തിയത്. കപ്പലിൽ വന്ന മൂന്നു പേർക്കു തമിഴ്നാട്ടിൽ രോഗബാധയുണ്ടായി. ഒപ്പമെത്തിയ മലയാളികൾ നിരീക്ഷണത്തിലാണ്.
content highlights: CM Pinarayi Vijayan press meet