കള്ളപ്പണക്കേസ്: പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു; ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി

കൊച്ചി: കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരന്റെ മൊഴി. ഇബ്രാഹിംകുഞ്ഞ് നേരിട്ട് വീട്ടില്‍ വിളിച്ചു വരുത്തി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പരാതി പിന്‍വലിച്ചാല്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് മൊഴി നല്‍കി.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഗിരീഷ് ബാബു വിജിലന്‍സിന് മൊഴി നല്‍കിയത്. ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുള്‍ ഗഫൂറിനുമെതിരെയാണ് ആരോപണം. പരാതിക്കു പിന്നില്‍ ലീഗിലെ എതിര്‍ചേരിയിലുള്ള ചില നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യത്തില്‍ ഒരു കരാര്‍ ഉണ്ടാക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടതായും ഗിരീഷ് ബാബു വിജിലന്‍സിനു മൊഴി നല്‍കി. പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് നല്‍കാനാണ് കരാര്‍ എന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞതെന്ന് മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയായിരുന്നുവെന്നു താന്‍ സ്ഥിരീകരിച്ചിരുന്നുവെന്നും ഗിരീഷ് ബാബു വിജിലന്‍സിനോട് വെളിപ്പെടുത്തി.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹര്‍ജി ഹൈക്കോടതിയില്‍ വന്നത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയടക്കം ഹര്‍ജി ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞും മകനും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഗിരീഷ് ബാബുവിന്റെ ഉയര്‍ന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി വിജിലന്‍സ് ഐജിക്ക് നിര്‍ദേശം നല്‍കിയത്.

Content Highlight: Money offered to withdraw complaint, case against Ibrahim Kunj

LEAVE A REPLY

Please enter your comment!
Please enter your name here