അഞ്ചലിൽ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവിനായി കടിച്ച പാമ്പിൻ്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്ററനറി ഡോക്ടർമാരാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിൻ്റെ ഭാഗമായാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ സംഭവ ദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഈ പാമ്പിനെയാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പാമ്പിൻ്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഉത്ര വധക്കേസെന്ന് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ 80 ദിവസത്തിനകം കുറ്റപത്രം നല്‍കും. സാഹചര്യ തെളിവുകള്‍ ഉപയോഗിച്ച് കേസ് തെളിയിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ്. കേസില്‍ സാക്ഷികളില്ലെന്നും എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കേസാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് സൂരജിന് സഹായം നൽകിയ കൂട്ടുപ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
content highlights: Kollam Anchal murder case