കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസുകൾ നാളെ മുതൽ ആരംഭിക്കും; ടിക്കറ്റ് വർധന ഉണ്ടാവില്ല

സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാതെയാണ് സര്‍വ്വീസെന്നും മന്ത്രി വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് സംസ്ഥാനത്ത് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയ്ക്കകത്തുള്ള സര്‍വീസ് ആണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നാളെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രാവിലെ അഞ്ച് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ബസ് സര്‍വീസ് നടത്തുക. ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിക്കണം. ബസുകളുടെ വാതിലിൻ്റെ അടുത്ത് സാനിറ്റൈസര്‍ കരുതണം. കണ്ടെയിന്‍മെൻ്റ് സോണുകളില്‍ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

content highlights: inter-district KSRTC bus service to start from tomorrow