നിസര്‍ഗ ചുഴലിക്കാറ്റ് ഉച്ചയോടെ രൂപംകൊള്ളും; സംസ്ഥാനത്ത് വ്യാപക മഴ -മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത

തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക മഴ. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും അപ്പോള്‍ വേഗം. അര്‍ധരാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും.

നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടും. 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചു.

തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

Content Highlight: Nisarga Cyclone will be in strength this afternoon