റെഡ്ഡിറ്റ് സഹസ്ഥാപകനും സെറീന വില്യംസിൻ്റെ ഭർത്താവുമായ അലക്സിസ് ഒഹേനിയൻ കമ്പനി ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു. തൻ്റെ പദവി ഒരു കറുത്ത വംശജന് കൊടുക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഒഹേനിയൻ്റെ രാജി പ്രഖ്യാപനം.
കറുത്ത വംശജർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഒഹേനിയൻ്റെ രാജി. താൻ ഇത് ചെയ്യുന്നത് തനിക്കുവേണ്ടിയും തൻ്റെ കുടുംബത്തിനു വേണ്ടിയും രാജ്യത്തിന് വേണ്ടിയുമാണെന്ന് ഒഹേനിയൻ പറഞ്ഞു. ഇത് നേരത്തെ ചെയ്യേണ്ടിയിരുന്നതാണെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. എൻ്റെ കറുത്ത മകൾ എന്തു ചെയ്തു എന്ന് ചോദിക്കുമ്പോൾ ഉത്തരം നൽകേണ്ട പിതാവ് എന്ന നിലയിലാണ് താൻ ഇത് ചെയ്യുന്നതെന്നും ഒഹേനിയൻ പറഞ്ഞു.
ഭാവിയിൽ കമ്പനിയിൽ തൻ്റെ ഓഹരിയിൽ നിന്ന് ലഭിക്കുന്ന നേട്ടം കറുത്ത വംശജരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മുൻ നാഷണൽ ഫുട്ബോൾ താരം കൊളിൻ കെപെർനികിൻ്റെ ‘നോ യുവർ റെെറ്റ്സ്’ ക്യാമ്പിന് 10 ലക്ഷം ഡോളർ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തകർന്നുപോയ ഒരു രാജ്യത്തെ നേരെയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരുമെന്നും ഈ പോരാട്ടങ്ങൾ അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Reddit Co-Founder, Serena William’s Husband, Quits Board, Seeks Black Member


