അണ്‍ലോക്ക് 1: ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു; കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിശ്വാസി സമൂഹം

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മൂന്ന് മാസത്തോളം അടഞ്ഞു കിടന്നിരുന്ന ആരാധനാലയങ്ങള്‍ ഇന്ന് മുതല്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരുന്നു വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്.

വിവിധ സംസ്ഥാനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്ന നടപടിയില്‍ നിന്ന് പിന്മാറിയിരുന്നു. കൂടാതെ, വിവിധ മതനേതാക്കളും തീരുമാനത്തിന് എതിര്‍പ്പ് അറിയിച്ചിരുന്നു. വിഗ്രഹങ്ങളിലോ, പരിശുദ്ധ ഗ്രദ്ധങ്ങളിലോ സ്പര്‍ശിക്കുന്നതില്‍ നിന്ന് വിശ്വാസികളെ വിലക്കിയിരുന്നു.

ഉത്തരാഖണ്ഡില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി. സംസ്ഥാനത്തിന്‍ പുറത്തുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഡല്‍ഹിയില്‍ ആരാധനാലയങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്. നിലത്ത് പ്രത്യേക അടയാളം രേഖപ്പെടുത്തി സാമൂഹിക അകലവും പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. അതേ സമയം ഉത്തര്‍പ്രദേശില്‍ മൊറാദാബാദില്‍ തുറന്ന ഗുരുദ്വാര ശ്രീ ഗുരു സിങ് സഭയും മനോകമ്മ ഹനുമാന്‍ ക്ഷേത്രവും രണ്ടാഴ്ച്ചത്തേക്ക് കൂടി അടച്ചിടുന്നത് നീട്ടി.

Content Highlight: Unlock 1, many States opened religious places with Covid protocol