ഡല്‍ഹിയിലെ കൊറോണ വാര്‍ഡുകളില്‍ സി.സി.ടിവി സ്ഥാപിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊറോണ വാര്‍ഡുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശുപത്രി സന്ദര്‍ശനത്തിന് ശേഷം നടത്തിയ ഉത്തരവ് പ്രകാരമാണ് തീരുമാനം. ഡല്‍ഹിയുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ കൊറോണ വൈറസിനെ ചികിത്സിക്കുന്ന രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തെത്തിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

കൊറോണ വൈറസിനെ ചില ആശുപത്രികള്‍ പരിചരിക്കുന്ന രീതിയെ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നതോടു കൂടിയാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടത്. ആശുപത്രി വരാന്തകളിലും, ചവറ്റുകുട്ടകളില്‍ നിന്നും കൊറോണ ബാധിച്ച് മരിച്ചവരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതോടെ, കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചത്.

രാജ്യതലസ്ഥാനത്തെ അടക്കം കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ജൂലൈ അവസാനത്തോടെ 5.5 ലക്ഷം കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന റിപ്പോര്‍ട്ട് പ്രകാരം, 500 റെയില്‍വേ കോച്ചുകള്‍ ഉള്‍പ്പെടെ 20,000 ബെഡുകള്‍ അധികമായി തയ്യാറാക്കാന്‍ അമിത് ഷാ അനുവദിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

കൂടാതെ, തിങ്കളാഴ്ച്ച വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും പരിശോധന ലഭ്യമാക്കാനും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദിവസേന 18,000 പരിശോധനകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

Content Highlight: CCTV Cameras should placed in all Corona Hospitals in Delhi, Amit Shah