അങ്കമാലിയിൽ അച്ഛൻ മർദിച്ച് കൊലപെടുത്താൻ ശ്രമിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വനിതാ കമ്മീഷൻ്റെ നിർദേശത്തെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും സ്നേഹ ജ്യോതി എന്ന സ്ഥാപനത്തിലേക്ക് മാറ്റും. ഒരോ മാസവും കുട്ടിക്ക് പരിശോധന നടത്തേണ്ടതുണ്ട്. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ തലയുടെ തുന്നൽ മാറ്റി ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണ നിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കാൻ തുടങ്ങിയെന്നും ഡോക്ടമാർ പറഞ്ഞു.
അങ്കമാലിയിലെ വീട്ടിൽ അമ്മയെയും കുഞ്ഞിനെയും താമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി വനിതാ കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ബാലവകാശ കമ്മീഷനും കൂടിയാലോചിച്ചാണ് കുഞ്ഞിനെയും അമ്മയെയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കേസ് നടപടികൾ കഴിയുന്നതു വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും. ഭർത്താവിനൊപ്പം താമസിക്കാൻ കഴിയില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നും കുഞ്ഞിൻ്റെ അമ്മ പറഞ്ഞു.
Content Highlights; two month old baby who was heavily injured after father throw it to the bed discharged