സ്വര്‍ണ്ണക്കടത്ത് കേസ്: വിശദീകരണം ചോദിക്കാതെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ പ്രതികൂട്ടിലായ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റി. എന്നാല്‍ ഇദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നടപടിയില്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ട സ്വപ്‌ന സംസ്ഥാനത്തെ ഐടി വിഭാഗത്തിലായിരുന്നു നിലവില്‍ ജോലി ചെയ്തിരുന്നത്. ഇതേ തുടര്‍ന്നാണ് അനധികൃത നിയമനം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും ഐടി വകുപ്പും വിവാദത്തില്‍പ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സ്പ്രിങ്ഗ്ലര്‍ കരാര്‍ വിവാദത്തിന് ശേഷം രണ്ടാം തവണയാണ് ഐടി സെക്രട്ടറി വിവാദത്തില്‍പെടുന്നത്. മിര്‍ മുഹമ്മദ് ഐഎഎസിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് യാതൊരു ബന്ധവുമില്ലെന്ന് ഇന്നലെ തന്നെ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അതേസമയം, സ്വര്‍ണ്ണക്കടത്ത് മുഖ്യസൂത്രധാര സ്വപ്ന സുരേഷിനായി തെരച്ചില്‍ തുടരുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജറായിരുന്നു സ്വപ്ന. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവര്‍ മുന്‍പ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

Content Highlight: CM removed M Sivasankar from CM’s Secretary post on gold smuggling scam