കോണ്‍ഗ്രസ് വെന്റിലേറ്ററില്‍, ഇനി ഭാവിയില്ല; രൂക്ഷ പരിഹാസവുമായി ആം ആദ്മി പാര്‍ട്ടി

ആഭ്യന്തര രാഷ്ട്രീയത്താല്‍ പ്രതിസന്ധിയിലായ രാജസ്ഥാനിലെ കോണ്‍ഗ്രസ് പാർട്ടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി വക്താവ് രാഘവ് ഛദ്ദ. കോൺഗ്രസ് വെൻ്റിലേറ്ററിലാണിപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ടതിനു പകരം ചില പാര്‍ട്ടികൾ ‘വൃത്തികെട്ട രാഷ്ട്രീയം’ കളിക്കുകയാണെന്നും, കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞ് ഇപ്പോൾ മൊത്തത്തില്‍ തകര്‍ന്നിരിക്കുകയാണെന്നും രാഘവ് ഛദ്ദ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഘവ് ചദ്ദ ഇക്കാര്യം വ്യക്തമാക്കിയത്

കോൺഗ്രസിന് ഇനി ഭാവി ഇല്ലെന്നും രാജ്യത്തിന്റെ ഭാവിയ്ക്കായി ആ പാര്‍ട്ടിക്ക്‌ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഊർജസ്വലരായ പ്രവർത്തകരുള്ള എഎപിയ്ക്ക് മാത്രമേ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളു എന്നും രാഘവ് ഛദ്ധ വ്യക്തമാക്കി. ഇവിടെ ഒരു പാര്‍ട്ടി അവരുടെ എംഎല്‍എമാരെ വില്‍ക്കുകയും, മറ്റൊരു പാര്‍ട്ടി വാങ്ങുകയുമാണ് ചെയ്യുന്നത്. രാജസ്ഥാനിലുള്‍പ്പെടെ നടക്കുന്ന ഇത്തരം വൃത്തികെട്ട രാഷ്ട്രീയ നാടകം ജനങ്ങളെ വേദനിപ്പിക്കുകയാണെന്നും എഎപി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.

വെന്റിലേറ്ററിലായിരിക്കുന്ന കോൺഗ്രസിന് പ്ലാസ്മ തെറാപ്പിയോ റെംഡിസിവിറോ നൽകിയിട്ട് പ്രയോജനമില്ലെന്നും ചദ്ദ പറഞ്ഞു. പിന്നീട് ആംആദ്മി പാര്‍ട്ടിയുടെ പരിഹാസത്തിന് മറുപടി നല്‍കി കൊണ്ട് കോണ്‍ഗ്രസും രംഗത്തെത്തി. ഡല്‍ഹി ഭരിക്കാന്‍ നിങ്ങള്‍ എഎപിയുടെ കേജ്രിവാളിനു വേണ്ടിയാണു വോട്ട് ചെയ്തതെങ്കില്‍ കിട്ടുക ബിജെപിയുടെ അമിത് ഷായെയാണെന്നും. കോണ്‍ഗ്രസിന് ഒരിക്കലും ഇത്തരം ഇരട്ട ഓഫര്‍ നല്‍കാനാവില്ലെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി വ്യക്തമാക്കി.

Content Highlights; “Congress On Ventilator, No Plasma, Remdesivir Can Save It”: AAP Leader