നിർബന്ധിത വന്ധ്യംകരണവും തടവു ശിക്ഷയും; ചെെനയിലെ ഉയ്ഘർ മുസ്ലിങ്ങൾക്ക് പുറം ലോകത്തോട് പറയാനുള്ളത് 

The Uighurs and the Chinese state

വടക്കുപടിഞ്ഞാൻ ചെെനയിലെ ഷിജിയാങ് പ്രവിശ്യയിലുള്ള  ഉയ്ഘർ മുസ്ലിങ്ങളെ നിരന്തരം അടിച്ചമർത്തിക്കൊണ്ടുള്ള ചെെനയുടെ വംശീയ വിവേചനം പുറത്തു വന്നതോടെ ആഗോള പരമായി വലിയ വിമർശനമാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി റി- എഡ്യുക്കേഷൻ ക്യാമ്പ് എന്ന പേരിൽ 10 ദശലക്ഷം ഉയ്ഘറുകളെയാണ് ചെെനീസ് ഭരണകൂടം രഹസ്യമായി തടവിൽവെച്ചിരിക്കുന്നത്.  ഉയ്ഘർ സ്ത്രീകളെ നിർബന്ധിതമായി വന്ധ്യംകരണത്തിന് വിധേയമാക്കുകയാണ് ചെെന എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ജൂലെെ 2020ൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബ് ഉയ്ഘറുകൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നു. സ്ത്രികൾക്കെതിരായ നിർബന്ധിത വന്ധ്യംകരണവും ഒരു വംശീയ വിഭാഗത്തോടുള്ള വ്യാപകമായ ക്രൂരതയും വളരെ കാലങ്ങളായി കാണാത്ത ഒന്നിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ചെെന ഇത്രമാത്രം അടിച്ചമർത്തുന്ന ഉയ്ഘറുകൾ യഥാർത്ഥത്തിൽ ആരാണ്? 

ആരാണ് ഉയ്ഘർ?

ഷിജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന 10 ദശലക്ഷത്തോളം വരുന്ന തുർക്കി മുസ്ലീം ജനവിഭാഗമാണ് ഉയ്ഘർ.  മധ്യ-ഏഷ്യൻ രാജ്യങ്ങളിലാണ് ഇവരുടെ വംശീയമായ ഉത്ഭവം. ഉയ്ഘറുടെ 80% ത്തോളവും ഷിജിയാങ് പ്രവിശ്യയിലെ തെക്കുപടിഞ്ഞാറൻ ഭാഗമായ താരിൻ ബേസിനിലാണുള്ളത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവടങ്ങളിലും ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിലും ഉയ്ഘറുകൾ താമസിക്കുന്നുണ്ട്. കാർഷികമേഖലയേയും വ്യാപരത്തേയും മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ഉയ്ഘറുകൾ. 20ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഉയ്ഘർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949 മുതൽ ഇവരുടെ പ്രദേശം കമ്മ്യൂണിസ്റ്റ് ചെെനയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. ടിബറ്റ് പോലെ തന്നെ ഷിജിയാങും നിലവിൽ ചെെനയിലെ ഒരു സ്വയംഭരണ പ്രദേശമാണെങ്കിലും ചെെന ഭരണകൂടത്തിൻ്റെ അനാവശ്യമായ  നിയന്ത്രണം ഈ പ്രദേശങ്ങളുടെമേൽ ഉണ്ട്. Uighurs pose for photos in front of a portrait of Mao Zedong in Beijing on March 3, 2013

ചെെനയിലെ വളരെ ആധിപത്യമുള്ള ഹാൻ ചെെനീസ് സമൂഹം ഷിജിയാങിലേക്ക്  കുടിയേറാൻ തുടങ്ങിയതോടെ ഉയ്ഘറുകളുടെ മത, വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ചെെന കാലക്രമേണ വെട്ടിക്കുറയ്ക്കാൻ തുടങ്ങി. തുടർന്ന് 1990കളിൽ ഉയ്ഘർ ജനത തങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധം നടത്തി. റമദാൻ മാസങ്ങളിൽ നോമ്പ് അനുഷ്ഠിക്കുവാനോ പള്ളികളിൽ പ്രവേശിക്കാനോ ഇവരെ അനുവദിച്ചിരുന്നില്ല. 

2017 ൽ ചെെനീസ് പ്രസിഡൻ്റ്  ഷി ജിൻപിംഗ് ചെെനയിലെ മതങ്ങൾ ചെെനീസ് അനുഭാവം ഉള്ളതായിരിക്കണമെന്നും സോഷ്യലിസ്റ്റ് സമൂഹവുമായി ഇവ പൊരുത്തപ്പെടണമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം ചെെനയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രത്യേകിച്ച് ഉയ്ഘറുകളുടെ മതപരമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിച്ചമർത്താൻ വഴിതുറന്നു. ചെക്ക്പോസ്റ്റുകൾ, ക്യാമറകൾ, വണ്ടികളുടെ നമ്പർ പേറ്റുകൾ മുതൽ ആളുകളുടെ മുഖം വരെ സ്കാൻ ചെയ്യാൻ പൊലീസ്, തുടങ്ങി കർശന നിയന്ത്രണത്തിലാണ് ഇപ്പോൾ ഷിജിയാങ്. പ്രദേശത്തെ വിഘടനവാദികളുടെ ആക്രമണത്തെ ചെറുക്കാനുള്ള നടപടികളാണ് ഇതെന്ന് ചെെനീസ് ഭരണകൂടം പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഉയ്ഘറുകളെ അടിച്ചമർത്തുവാനുള്ള ചെെനയുടെ നീക്കമാണിത്. തീവ്രവാദത്തിൻ്റെ പേരിൽ ഉയ്ഘർ സമൂഹത്തിലെ പല പ്രമുഖരായ നേതാക്കളേയും ജയിലിൽ അടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. BBC

ഷിജിയാങിൽ ചെെന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം അന്താരാഷ്ട്ര സമൂഹം രംഗത്തു വന്നിരുന്നു. 2018ൽ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മറ്റിയുടെ അന്വേഷണത്തിൽ ചെെനയുടെ രാഷ്ട്രീയ തീവ്രവാദ വിരുദ്ധ ക്യാമ്പുകളിൽ 10 ലക്ഷം ഉയ്ഘറുകളെ താമസിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഉയ്ഘർ സ്വയംഭരണ പ്രദേശത്തെ ഒരു തടങ്കൽ പാളയമായി ചെെന മാറ്റിയെന്നായിരുന്നു കമ്മിറ്റി അംഗമായ ഗേ മക്ഡൊഗൽ പറഞ്ഞത്. തങ്ങളുടേതായ ഒരു ഭാഷയും സംസ്കാരവും നിലിനിർത്തി പോന്നിരുന്ന ഇവരെ ഷിജിയാങ് ക്യാമ്പുകളിൽ ചെെന നിർബന്ധിച്ച് ചെെനീസ് ഭാഷ പഠിപ്പിക്കുന്നുണ്ടെന്നും പറത്തുവന്നു. ഉയ്ഘർ വിഭാഗത്തോടുള്ള നിരന്തരമായ പീഡനത്തെ വിമർശിച്ച്  ബെയ്ജിങിനെതിരെ ആംനസ്റ്റി ഇൻ്റർനാഷണലും ഹ്യൂമൻ റെെറ്റ്സ് വാച്ചും (HRW) രംഗത്തു വന്നിരുന്നു. റീ എഡ്യൂക്കേഷൻ ക്യാമ്പ് എന്ന പേരിൽ ഇവർ നടത്തുന്ന ക്യാമ്പുകളിൽ തടങ്കിലാക്കപ്പെട്ടവരുടെ മേൽ ഒരു തരത്തിലുള്ള കുറ്റങ്ങളും ചുമത്തിയിട്ടില്ലെന്നും നിയമപരമായി ഒരു സംരക്ഷണവും ഇവർക്ക് ഉറപ്പാക്കുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടി കാണിക്കുന്നു. എന്നാൽ ഇങ്ങനെയൊരു ക്യാമ്പില്ലെന്നായിരുന്നു ചെെനയുടെ പ്രതികരണം. Fearing for relatives in China, Turkey's Uighurs turn political ...

ഉയ്ഘർ സ്ത്രീകളെ നിർബന്ധിച്ച് വന്ധ്യംകരണം നടത്തുന്നു എന്ന റിപ്പോർട്ട് കൂടി അടുത്തിടെ പുറത്തു വന്നതോടെ ആഗോള സമൂഹമെല്ലാം ചെെനയ്ക്കെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.  ഷിജിയാങ് പ്രവിശ്യയിൽ നടക്കുന്ന ചൂഷണങ്ങളെപറ്റി ഐക്യരാഷ്ട്ര സഭയോട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ചെെനയിലെ ഇൻ്റർപാർലമെൻ്ററി അലയൻസ് ഓൺ ചെെന (IPAC) പ്രസ്താവന ഇറക്കി. നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുക, നിർബന്ധിതമായി ജോലിയെടുപ്പിക്കുക, ഉയ്ഘറുകളുടെ സംസ്കാരം പേറുന്ന സ്ഥലങ്ങൾ, സ്മശാനങ്ങൾ ഉൾപ്പടെ നശിപ്പിക്കുക തുടങ്ങിയ വംശീയ ആക്രമണങ്ങൾ ചെെന നടത്തുന്നുവെന്നുള്ള തെളിവുകൾ ഉണ്ടെന്ന് IPAC ചൂണ്ടിക്കാണിക്കുന്നു. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യങ്ങളോട് അമേരിക്കയിൽ ഒത്തുചേരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിട്ടുണ്ട്. 

ബെയ്ജിങ് പറയുന്നത്

പുറലോകത്തിന് എന്താണ് ഷിജിയാങിൽ നടക്കുന്നതെന്ന് അറിയില്ലെന്നാണ് ചെെന പറയുന്നത്. ബോബാക്രമണത്തിലൂടെയും അട്ടിമറിയിലൂടെയും ഉയ്ഘർ തീവ്രവാദികൾ ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ടി  ആക്രമാസക്തമായ പ്രചാരണം നടത്തുകയാണെന്നാണ് ബെയ്ജിങിൻ്റെ വിശദീകരണം. മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ പരിഗണിക്കുന്നതുപോലെ തന്നെയാണ് ഉയ്ഘറുകളെ ചെെന കാണുന്നതെന്നും സ്റ്റേറ്റിൻ്റെ നിയന്ത്രണം ഇല്ലെങ്കിൽ ചെെന മറ്റൊരു സിറിയയോ ലിബിയയോ ആയി മാറുമെന്നും ബെയ്ജിങ് വാദിക്കുന്നു. അമേരിക്കയിൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉയ്ഘർ വിഘടനവാദികൾ അൽ-ഖാഇദ തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പരിശീലനം കിട്ടിയവരാണ് ഉയ്ഘർ മുസ്ലീങ്ങളെന്നും ചെെന ആരോപിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള അധിനിവേശത്തെത്തുടർന്ന് 20 ലധികം ഉയ്ഘറുകളെ അമേരിക്കൻ സൈന്യം പിടിച്ചെടുത്തിരുന്നു. ഒരു കുറ്റവും ചുമത്താതെ ഗ്വാണ്ടനാമോ ബേയിൽ വർഷങ്ങളോളം തടവിലാക്കപ്പെട്ട ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ എവിടെയാണെന്നുപോലും വ്യക്തമല്ല.

ഷിജിയാങിൽ ഈ കഴിഞ്ഞ വർഷങ്ങളിലായി വെെദ്യുതി വ്യവസായ പദ്ധതികൾക്കായി വൻതോതിൽ സാമ്പത്തിക നിക്ഷേപം ലഭിച്ചിരുന്നു.  ഈ പ്രദേശത്തിൻ്റെ വികസനത്തിൽ നിക്ഷേപങ്ങൾ വലിയ രീതിയിൽ സഹായിച്ചെന്നാണ് ചെെനീസ് ഭരണകൂടം പറയുന്നത്. എന്നാൽ ഹാൻ ചെെനീസ് സമൂഹം പ്രദേശത്തേക്ക് അനിയന്ത്രിതമായി കുടിയേറിയെന്നും തങ്ങളുടെ ജോലി ഇവർ തട്ടിയെടുത്തെന്നും കൃഷിസ്ഥലങ്ങൾ വികസനത്തിൻ്റെ പേരിൽ ഇവർ കണ്ടുകെട്ടിയെന്നും ഉയ്ഘർ ആരോപിക്കുന്നു.  ഇപ്പോൾ പ്രവിശ്യയിലേക്കുള്ള മറ്റു വിഭാഗങ്ങളുടെ കൂട്ട പലായനം ഉയ്ഘർ വിഭാഗത്തെ, പ്രദേശത്തെ ന്യൂനപക്ഷമാക്കിയിരിക്കുകയാണ്. ഉയ്ഘർ വിഭാഗത്തിൽ  നിന്നുള്ള ഒന്നോ രണ്ടോ ആക്രമണങ്ങളെ മുൻ നിർത്തി ഭൂരിഭാഗം ഉയ്ഘർ സമുദായത്തെ തീവ്രവാദികളായി മുദ്രകുത്താനുള്ള ശ്രമമാണ് ചെെന നടത്തുന്നത്. ഒരു മുസ്ലീം ന്യൂനപക്ഷ സമുദായം ആയതുകൊണ്ട് മാത്രമാണ് ഉയ്ഘറുകളോട് ചെെന എന്ന കമ്മ്യൂണിസ്റ്റ് രാജ്യം വംശീയ വിവേചനം കാണിക്കുന്നത്. 

content highlights: The Uighurs and the Chinese state