50 വയസിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി; സംസ്ഥാനത്തെ പൊലീസ് ആസ്ഥാനം അടച്ചു

DGP instructs not to deploy policemen above the age of 50 on COVID duties

50 വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിർദേശം. ഇടുക്കി ജില്ലയിലെ സബ് ഇൻസ്പെക്ടർ (55) കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് 50 വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന ഡിജിപിയുടെ നിർദേശം. ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. രോഗബാധിതർ ആയവരേയും ഇത്തരം ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ രോഗബാധിതരാവുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ ചികിൽസ ഉറപ്പാക്കണം. ഇത് പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം. ഇക്കാര്യങ്ങൾ യുണിറ്റ് തലവൻമാർ ഉറപ്പാക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

50 വയസ് കഴിഞ്ഞ ഉദ്യോഗസ്ഥരെ സ്റ്റേഷനിലെ ഡ്യൂട്ടിക്ക് നിയോഗിക്കണം. ഇത്തരം ഉദ്യോഗസ്ഥർ ആരോഗ്യപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സംസ്ഥാനത്ത് ഇതുവരെ 88 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ആസ്ഥാനം അടച്ചു. ശുചീകരണം ,അണുവിമുക്തമാക്കൽ എന്നിവയ്ക്ക് വേണ്ടിയാണ് അടച്ചതെന്നാണ് വിശദീകരണം. 

content highlights: DGP instructs not to deploy policemen above the age of 50 on COVID duties