ഡി.വൈ.എസ്.പിക്കും എട്ട് പൊലീസുകാര്‍ക്കും കൊവിഡ്; കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്കും കൊവിഡ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയി. ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്.

പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പൊലീസുകാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പൊലീസുകാരും ക്വാറന്റീനിലാണ്. വര്‍ക്കലയില്‍ ഗ്രേഡ് എ പൊലീസുദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ചികിത്സയ്ക്ക് ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് വിവരം.

തടവുകാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് തന്നെ കൊവിഡ് പരിശോധന നടത്തും.

Content Highlight: Covid confirmed on Cops including DYSP and 14 prisoners from Kollam District Prison