അണുബോംബിനെ അതിജീവിച്ച ഒരു മരമുണ്ട് ഹിരോഷിമയിൽ; മനുഷ്യ നിർമ്മിത ദുരന്തത്തിൻ്റെ പ്രതീകമായി

The trees that survived the bombing of Hiroshima

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഹിരോഷിമ അണുബോംബ് ആക്രമണം നടന്നതിൻ്റെ 75ാം വർഷമാണിത്. അമേരിക്കയുടെ അണുബോംബ് ആക്രമണത്തിൻ്റെ അവശേഷിപ്പുകൾ അവിടെയുള്ള മനുഷ്യർ ഇന്നും അനുഭവിച്ചുവരികയാണ്. എന്നാൽ ഒരു നഗരം മുഴുവൻ തകർന്നു പോയപ്പോഴും ബോംബ് ആക്രമണത്തെ അതിജീവിച്ച ഒരു വൃക്ഷമുണ്ട് ഹിരോഷിമയിൽ. ജപ്പാൻകാർ ‘ഫീനിക്സ് പക്ഷി’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ വൃക്ഷം അണുപ്രസരത്തിൻ്റെ കനത്ത ആഘാതത്തിൽ തളരാതെ ഉയർത്തെഴുനേൽക്കുകയാണ് ഉണ്ടായത്. 

ഒരു ചൈനീസ് അലങ്കാര വൃക്ഷമാണിത്. ചൈനയിൽ നിന്ന് ജപ്പാൻകാർ കൊണ്ടുവന്ന് ഹിരോഷിമയിൽ നട്ടുനനച്ച് വളർത്തിയ വൃക്ഷത്തിൻ്റെ പേര് പാരസോൾ എന്നാണ്. 1945 ആഗസ്റ്റ് ആറിന് ഉണ്ടായ അണുബോംബ് ആക്രമണത്തിൽ എല്ലാം നശിച്ചപ്പോൾ ഈ വൃക്ഷം മാത്രം അതിജീവിച്ചു. ആക്രമണത്തിൽ അതിജീവിച്ചുവെങ്കിലും  വൃക്ഷത്തിൻ്റെ തടിയിൽ പല ഭാഗങ്ങളിലായി കാണപ്പെട്ട ആഴമേറിയ മുറിവുകൾ ഉണങ്ങാൻ വർഷങ്ങളാണ് വേണ്ടിവന്നത്. ഇപ്പോൾ വൃക്ഷത്തിൽ നിറയെ പച്ചപ്പുകളാണ്. അതു കാണാൻ ലോകത്തിൻ്റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികളെത്തുന്നുണ്ട്. ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിനൊപ്പം ഈ വൃക്ഷവും ഹിരോഷിമയിലെ മനുഷ്യനിർമിത ദുരന്തത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു. ഈ വൃക്ഷത്തിലെ പച്ചപ്പ് തങ്ങൾക്കും അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് ഹിരോഷിമയിലെ ജനങ്ങൾ പറയുന്നു. 

content highlights: The trees that survived the bombing of Hiroshima