എൻ-95 മാസ്കുകൾ അണുവിമുക്തമാക്കാൻ ഇലക്ട്രിക് കുക്കറുകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ. മാസ്കുകളുടെ ഗുണനിലവാരം നിലനിർത്തികൊണ്ടുതന്നെ അണുവിമുക്തമാക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിലവിൽ മാസ്കുകളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിവരുന്നത്. നേരത്തെ എൻ-95 മാസ്കുകൾ ഒരു തവണ മാത്രം ഉപയോഗിച്ച് നശിപ്പിച്ചുകളയുകയാണ് ചെയ്തിരുന്നത്.
വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് കുക്കർ ഉപയോഗിച്ച് 100 ഡിഗ്രി സെൽഷ്യസിൽ 50 മിനിറ്റ് ചൂടാക്കുമ്പോൾ മാസ്കുകൾ പൂർണമായും അണുവിമുക്തമാകുമെന്നാണ് കണ്ടെത്തൽ. എൻവയോൺമെൻ്റ് സയൻസ് ആൻഡ് ടെക്നോളജി ലെറ്റേഴ്സ് എന്ന ജേണലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൻ- 95 പോലുള്ള മാസ്കുകൾ പുറത്തുനിന്നുളള വെെറസ് കണങ്ങൾ ധരിക്കുന്ന ആളുടെ ഉള്ളിലെത്താതെ തടയുന്നവയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വീടുകളിൽ ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നവർക്കും ഈ രീതി സഹായകരമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
content highlights: Home electric cookers could efficiently sanitize N95 masks, scientists say