കടൽ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് എത്തിച്ച പൊതിച്ചോറുകളിലൊന്നിലെ നൂറ് രൂപ നോട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുന്നത്. ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ.
കണ്ണമാലി ഇൻസ്പെക്ടർ പിഎസ് ഷിജുവിൻ്റെ നേതൃത്വത്തിൽ കടൽ ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് വേണ്ടി അയൽ ഗ്രാമമായ കുമ്പളങ്ങിയിൽ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെയാണ് ഭക്ഷണ പൊതികൾ ശേഖരിച്ചത്. ഷിജുവും ബാക്കി വന്ന പോലീസുകാരും ചേർന്ന് അവയെല്ലാം വീടുകളിലും ക്യാമ്പുകളിലും എത്തിച്ചു. സ്റ്റേഷനിൽ ബാക്കിയായ പൊതികളിലൊരെണ്ണം അഴിച്ചു നോക്കിയപ്പോഴാണ് അതിനകത്തെ നൂറ് രൂപ നോട്ട് ശ്രദ്ധയിൽ പെട്ടത്. ഇൻസ്‌പെക്ടർ പി.എസ്.ഷിജു ഫെയ്സ്‍ബുക്കിൽ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടിൽ ഇതേപ്പറ്റി കുറിപ്പിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
കോടി രൂപയുടെ മൂല്യമുള്ള 100 രൂപ നോട്ട്…….. മിനിയാവുന്നാൾ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO…
Gepostet von Shiju Ps am Samstag, 8. August 2020
‘വാങ്ങുന്നവന്‍റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസ്സിനു മുന്നിൽ നമിക്കുന്നു, ഇങ്ങനെ നല്ല മനസ്സുകളുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാൻ’ എന്നായിരുന്നു ഷിജുവിന്‍റെ പോസ്റ്റ്. ഉടുതുണി മാത്രമായി വീടു വിട്ടിറങ്ങിയതായിരുന്നു കണ്ണമാലിക്കാർ. സകലതും കടലെടുത്തപ്പോൾ കുറേ പേർ ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റും പോയി. അവർക്ക് എങ്ങനെ ഭക്ഷണം നൽകുമെന്ന ചിന്തയായിരുന്നു പോലീസിന്. കുമ്പളങ്ങിക്കാരനായ ഷിജു ഉടനെ നാട്ടിലെ പൊതു പ്രവർത്തകരെ അറിയിച്ച് രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാരാണ് പൊതികൾ തയ്യാറാക്കിയത്. മൂവായിരത്തോളം ഭക്ഷണ പൊതികളായിരുന്നു ചെല്ലാനത്തെത്തിയത്.
Content Highlights; hundred rupees note inside food packets