കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ വിദേശ കമ്പനിക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ തകര്‍ന്ന വിമാനത്തില്‍ നിന്ന് ലഗേജുകള്‍ വേര്‍തിരിച്ച് ഉടമകള്‍ക്ക് എത്തിക്കുന്നതിനുള്ള കരാര്‍ വിദേശ കമ്പനിയെ ഏല്‍പ്പിച്ചു. യുഎസ് കമ്പനിയായ കെന്യോണ്‍ ഇന്റര്‍നാഷണലിന്റെ സേവനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തേടിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ പരിചയ സമ്പത്തുള്ളതും, അടിയന്തിര ഘട്ടങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതുമായ ഏജന്‍സിയാണ് കെന്യോണ്‍ ഇന്റര്‍നാഷണല്‍.

വലിയ അപകടങ്ങളില്‍ നൂതന സാങ്കേതികവിദ്യയിലൂടെ ബാഗേജുകള്‍ തിരിച്ചറിയുന്നതില്‍ ഏജന്‍സിക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ സേവനം നല്‍കുന്ന ലോകത്തെ ചുരുക്കം ചില ഏജന്‍സികളിലൊന്നാണിത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ഹാന്‍ഡ് ബാഗേജുകളും കാര്‍ഗോ ഹോള്‍ഡിലെ ബാഗേജുകളും പ്രത്യേകമായിട്ടായിരിക്കും കെന്യോണ്‍ ഇന്റര്‍നാഷണല്‍ വീണ്ടെടുക്കുക. തുടര്‍ന്ന് ഇവ തരം തിരിച്ച് പട്ടിക തയാറാക്കി യാത്രക്കാര്‍ക്കു ലഭ്യമാക്കാനാണു ശ്രമിക്കുക.

235 ബാഗേജുകളാണ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് മണ്ണില്‍ പൂഴ്ന്ന നിലയില്‍ കിടക്കുന്ന ഭാഗം വെട്ടിപ്പൊളിച്ച് വേണം ബാഗേജുകള്‍ പുറത്തെടുക്കാന്‍. ഇതിനാവശ്യമായ ഉപകരണങ്ങള്‍ കെന്യോണ്‍ ഇന്റര്‍ നാഷണല്‍ കരിപ്പൂരിലെത്തിച്ചിട്ടുണ്ട്. വിമാനം രണ്ടായി പിളര്‍ന്നതിനാല്‍ കാര്‍ഗോ ഭാഗത്തെ ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

യാത്രക്കാര്‍ ദുബായില്‍ ചെക്ക് ഇന്‍ ചെയ്ത സമയത്ത് ലഭിച്ച വിവരങ്ങളും അവരില്‍നിന്ന് ഇനി ശേഖരിക്കുന്ന വിവരങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാവും ബാഗേജുകള്‍ വേര്‍തിരിക്കുക.

Content Highlight: Passengers luggage restoration process hand over to Foreign Company on Karippur Plain Crash