പെട്ടിമുടിയിലെ എല്ലാ കുടുംബത്തിനും വീട് വെച്ച് നൽകും; മുഖ്യമന്ത്രി

CM comment on Pettimudi landslide 

പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങൾക്കും വീട് വെച്ച് നൽകുമെന്നും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പെട്ടിമുടി സന്തർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങളിലും വീട് വെച്ച് നൽകാൻ സന്നദ്ധമാണ്. പ്രസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ഇവിടെയുണ്ട്. അവരെ സർക്കാർ തുടർന്നും പഠിപ്പിക്കും. ദുരന്തത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവും നിലവിൽ സർക്കാരാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തം നടന്നതിൻ്റെ തൊട്ടടുത്ത ലയങ്ങളിലുള്ളവരെല്ലാം നിലവിൽ വീട് നഷ്ടപ്പെട്ടവരാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി കമ്പനിയോട് സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഇവർക്ക് താമസിക്കാൻ കമ്പനി മറ്റ് ലയങ്ങൾ കൊടുത്തിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തിൽ ഇതുവരെ 55 പേരാണ് മരിച്ചത്. 15 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ചുരുക്കം ചിലർ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. പ്രദേശമാകെ ഒലിച്ചുപോയ അവസ്ഥയാണ്. അത്കൊണ്ട് വീട് പണിയാൻ പുതിയ സ്ഥലവും കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളിൽ സർക്കാർ വീട് നിർമിച്ച് കൊടുക്കുകയാണ് പതിവ്. കവളപ്പാറയിലും പുത്തുമലയിൽ അത് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlights: CM comment on Pettimudi landslide