പെട്ടിമുടി സന്ദര്‍ശനത്തിടെ മുഖ്യമന്ത്രിയെ കാണണമെന്നാവശ്യം; പെണ്‍പിളൈ ഒരുമൈ നേതാവ് അറസ്റ്റില്‍

മൂന്നാര്‍: ദുരന്ത ഭൂമിയായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെ മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പെണ്‍പിളൈ ഒരുമൈ നേതാവ് ഗോമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെടാനായിരുന്നു മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സ്ഥലത്തെത്തിയത്.

തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി, പാര്‍പ്പിടം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഗോമതി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് തടയുകയായിരുന്നു. പെട്ടിമുടിയില്‍ ഇത്രയേറെ പേര്‍ മണ്ണിനടിയിലായപ്പോള് മാത്രമാണ് മുഖ്യമന്ത്രി തിരിഞ്ഞ് നോക്കിയതെന്നും ഗോമതി പറഞ്ഞു. കസ്റ്റഡിയിലടുത്ത ഗോമതിയെ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം, പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്നും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചു. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. അവരെ സര്‍ക്കാര്‍ തുടര്‍ന്നും പഠിപ്പിക്കുമെന്നും അറിയിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവും നിലവില്‍ സര്‍ക്കാരാണ് നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Penpilai Orumai leader Gomathy under Police Custody