മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണിയുടെ പ്രഖ്യാപനം. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ഇതുവരെ നിങ്ങൾ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ എന്നാണ് ധോണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്.
അതേസമയം ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം. ‘നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’, എന്നായിരുന്നു റെയ്നയുടെ ഇന്‍സ്റ്റാഗ്രാം സന്ദേശം. 33-കാരനായ റെയ്‌ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോണിയും റെയ്നയും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlights: MS Dhoni quits international cricket; Suresh Raina follows suit