ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടുറോട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. സാരമായി പൊള്ളലേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. തീകൊള്ളുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി വേണുഗോപാൽ റെഡ്ഡിയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കാറുകളുടെ ബിസിനസിൽ പങ്കാളികളായിരുന്നു പ്രതി വേണുഗോപാൽ റെഡ്ഡിയും ഗംഗാധറും. സെക്കൻ്റ് ഹാൻഡ് കാറുകൾ വാങ്ങിയ്ക്കുകയും വിൽക്കുകയും ചെയ്തിരുന്ന ഇവർ വ്യാപാരത്തിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് കച്ചവട പങ്കാളിത്തം അവസാനിപ്പിച്ചു. തുടർന്ന് ഗംഗാധറുമായി ചർച്ചയ്ക്ക് വേണുഗോപാൽ പല തവണ ശ്രമിച്ചിരുന്നു. എന്നാൽ ഗംഗാധർ പ്രതികരിക്കാൻ തയാറായിരുന്നില്ല. പിന്നീട് സുഹൃത്തിൻ്റെ മധ്യസ്ഥതയിൽ ഗംഗാധറും ഭാര്യയും വേണുഗോപാലും സംസാരിക്കുന്നതിനായി ഒത്തുകൂടി.
നാല് പേരും കാറിലിരുന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പുകവലിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വേണുഗോപാൽ മധ്യ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ കാറിന് മുകളിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.
content highlights: Car With 3 Inside Set On Fire In Andhra Pradesh