ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷന് തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് പറഞ്ഞാല്‍ അത് തന്നെ അത്ഭുതപ്പെടുത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെന്ന് ഒരു വ്യക്തിക്ക് സ്വന്തമായി തോന്നുമ്പോള്‍ അല്ലാതെ, അയാളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അരുണ്‍ ഷൂരി കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാരെ വിമര്‍ശിച്ച് കൊണ്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന് നടത്തിയ ട്വീറ്റിന് കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് അരുണ്‍ ഷൂരിയുടെ പ്രതികരണം.
മുന്‍ ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷന് പറയുന്നുണ്ടെങ്കില്‍, അദ്ദേഹത്തോട് ആരോപണം തെളിയിക്കാനാണ് കോടതി ആവശ്യപ്പെടേണ്ടതെന്നും ഷൂരി വ്യക്തമാക്കി. ഉന്നത ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ അന്തസ്സിന് വേണ്ടി നിലകൊള്ളുന്നത് ശരിയല്ലെന്നും, അവരുടെ വിധിയും, പ്രവര്ത്തികളുമാണത് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താന്‍ ഉത്തമ വിശ്വാസത്തോടെയാണ് ട്വീറ്റ് ചെയ്തതെന്നും അതില്‍ മാപ്പ് പറയുന്നത് ആത്മാര്ത്ഥതയില്ലായ്മയാകുമെന്നുമാണ് പ്രശാന്ത് ഭൂഷന് കേസിനോട് പ്രതികരിച്ചത്. പ്രസ്താവന പുനഃപരിശോധിക്കാന്‍ ഓഗസ്റ്റ് 24 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷസംബന്ധിച്ച വാദം നടന്ന വ്യാഴാഴ്ച തനിക്ക് ദയയും ഔദാര്യവും ആവശ്യമില്ലെന്നും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി മൂന്നംഗബെഞ്ചാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തത്. ട്വീറ്റുകള്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നും പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്നും സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
Content Highlight: Arun Shourie on Prasanth Bhushan case