കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നിരന്തരമായ സമ്മർദ്ദം കൊണ്ടാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ഡി.ഡി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്.
മെഡിക്കൽ, എൻജീനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ‘എന്തുകൊണ്ട് പരീക്ഷ നടത്തുന്നില്ല എന്ന് ചോദിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ നിരന്തരം സമ്മർദ്ദത്തിലാക്കുകയാണ്. വിദ്യാർത്ഥികൾ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണം എന്നാണ് അവർ ചോദിക്കുന്നത്’. മന്ത്രി പറഞ്ഞു
ജെഇഇ പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർത്ഥികളിൽ 7.25 ലക്ഷം വിദ്യാർത്ഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രദാനം. അതുകൊണ്ടുതന്നെ പരീക്ഷയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊവിഡ് സാഹചര്യമായതിനാൽ കർശന മുൻകരുതൽ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുക. എല്ലാ കേന്ദ്രത്തിലും പ്രത്യേകം മുറികൾ ഏർപ്പെടുത്തുമെന്നും സുഖമില്ലാത്ത വിദ്യാർത്ഥികളെ മാറ്റിയിരുത്തി പരീക്ഷ എഴുതുവാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
content highlights: Parents, Students Wanted It: Education Minister On NEET, JEE Amid Covid