അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണം; പരീക്ഷയില്ലാതെ വിജയിപ്പിക്കുന്ന രീതി പ്രോല്‍സാഹിപ്പിക്കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുന്ന രീതി സംസ്ഥാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷകള്‍ നീട്ടി വെക്കാനുള്ള അവകാശം മാത്രമാണ് സംസ്ഥാനങ്ങള്‍ക്കുള്ളതെന്നും കോടതി വിമര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ യുവസേന നേതാവ് ആദിത്യ താക്കറെയുടേതടക്കം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ലഭിച്ചതെന്ന് കോടതി വിശദീകരിച്ചു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിവേദനത്തില്‍ പരാമര്‍ശിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ അഞ്ച് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഒരു ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി അല്ലെങ്കില്‍ സിജിപിഎ ഉണ്ടെന്നും, ഇത് അവസാന പരീക്ഷകളില്ലാതെ ഫലമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഇന്റേണല്‍ അസ്സസ്‌മെന്റ് ഒരിക്കലും പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടികാട്ടി.

അതേസമയം, സെപ്റ്റംബര്‍ 30ഓടെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനാകുമെന്ന് യുജിസി അറിയിച്ചു. പരീക്ഷയില്ലാതെ ഡിഗ്രി നല്‍കുന്നതിനെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കാനാവില്ലെന്ന് യുജിസിയും കോടതിയില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് വിധി പ്രസ്താവിച്ചത്.

Content Highlight: Final-Year Exams To Be Held, Can’t Promote Students Without It: Top Court