നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം: നീതി തേടി അമ്മ സമരത്തില്‍

ആലുവ: മൂന്നു വയസുകാരന്റെ ദുരുഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ നീതിതേടി മാതാവ് അനിശ്ചിതകാല സമരത്തില്‍. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശിനി നന്ദിനിയുടെ മകന്‍ പൃഥ്വിരാജിനെ കഴിഞ്ഞ രണ്ടിന് നാണയം വിഴുങ്ങിയ നിലയില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് മാതാവ് നന്ദിനി ആശുപത്രിക്ക് മുമ്പില്‍ ഇന്ന് അനിശ്ചിതകാല സമരമാരംഭിക്കും.

പട്ടികജാതി പട്ടിക വര്‍ഗ ഏകോപന സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമരമെന്ന് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാനാണെന്ന് മാതാവ് നന്ദിനി നേരത്തെ ആരോപിച്ചിരുന്നു.

ശ്വാസംമുട്ട് മൂലമാണ് മരിച്ചതെന്നായിരുന്നു ശാസ്ത്രീയ പരിശോധന ഫലം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പരാതി. രണ്ട് നാണയ തുട്ടുകള്‍ കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയെങ്കിലും അത് അപകടകരമായ സാഹചര്യത്തിലായിരുന്നില്ലെന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്റെ പ്രാഥമിക നിഗമനം. കാക്കനാട് കെമിക്കല്‍ ലാബില്‍നിന്നും ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടിലാണ് ശ്വാസംമുട്ടല്‍ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാര്‍ ഉണ്ടായതായി സൂചിപ്പിച്ചത്. എന്നാല്‍, ഇതു ചികിത്സയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാരെ രക്ഷിക്കാനാണെന്നാണ് നന്ദിനിയുടെ ആരോപണം.

Content Highlight: Boy died by swallowed coin, mother in strike