പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ദേശിയ സുരക്ഷ നിയമം ചുമത്തി തടങ്കലിലാക്കപ്പെട്ട ഉത്തർ പ്രദേശ് ഡോക്ടർ കഫീൽഖാൻ ജയിൽ മോചിതനായി. കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹെെക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിച്ച കഫീൽ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കഫീൽ ഖാൻ നടത്തിയത് വിദ്വേഷ പ്രചാരണമായിരുന്നില്ലെന്നും പൗരന്മാർക്കിടയിലെ ഐക്യത്തിനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. യാതൊരു തെളിവുകളും ഇല്ലാതെ നിയമ വിരുദ്ധമായാണ് ഉത്തർപ്രദേശ് സർക്കാർ കഫീൽ ഖാനെ ദേശീയ സുരക്ഷ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തതെന്നും കോടതി വ്യക്തമാക്കി. കഫീൽ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു.
തന്നെ എൻകൌണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്പെഷ്യൽ ടാസ്ക് ഫോർസിനോടും തൻ്റെ വാക്കുകൾ കലാപത്തെ പിന്തുണയ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോടും അത്യധികം നന്ദിയുണ്ടെന്ന് ജയിൽ മോചിതനായ ശേഷം കഫീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
content highlights: Dr. Kafeel Khan, Detained under NSA, Released from Mathura Jail at Midnight, Hours After HC Order