ഫ്രാങ്കോ മുളയ്ക്കൽ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു; ദുരൂഹതയെന്ന് സേവ് സിസ്റ്റേഴ്സ് ഫോറം

one more witness died in Franco Mulakkal case

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലെെംഗികാതിക്രമ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടിൽ സിജോ ജോൺ(40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. കേസിൽ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രധാന സാക്ഷികളിൽ ഒരാളായ സിജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ഫോറം ആരോപിച്ചു. 

2018 ഒക്ടോബറിൽ കേസിലെ മറ്റൊരു സാക്ഷിയും മരണപ്പെട്ടിരുന്നു. ഫ്രാങ്കോയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയാണ് അന്ന് ജലന്ധറിൽ മരണപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടി ജലന്ധറിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ മരണം സംഭവിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് കുര്യക്കോസിൻ്റെ കുടുംബവും രംഗത്തുവന്നിരുന്നു.

ലെെംഗികാതിക്രമത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരെ ബിഷപ്പ് ഫ്രാങ്കോയുടെ പി ആർ ഒ മുമ്പ് കേസ് നൽകിയിരുന്നു. ഈ കേസിൽ പ്രധാന സാക്ഷിയായിരുന്നു സിജോ. ബിഷപ്പ് കേരളത്തില്‍ വന്നാല്‍ കൊന്ന് കളയുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ സിജോയെ ഭീഷണിപ്പെടുത്തിയതായി സിജോ എഴുതിയ കത്ത് പി ആര്‍ ഒ നല്‍കിയ കേസില്‍ തെളിവായി ഹാജരാക്കിയിരുന്നു. എന്നാൽ സിജോയിൽ നിന്ന് നിർബന്ധിച്ച് കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കേസിൽ ഈ മാസം 16ന് വിചാരണ തുടങ്ങാനിരിക്കുകയാണ്. ജലന്ധർ ബിഷപ്പ് ഹൌസിലെ ഡ്രെെവറായിരുന്നു സിജോയ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഫാ ആൻ്റണി വേഴപ്പിള്ളിയുടെ സഹോദരനുമാണ് മരിച്ച സിജോ.  

content highlights: one more witness died in Franco Mulakkal case