അനിശ്ചിതത്വം നീങ്ങി; മെസ്സി ബാഴ്‌സയില്‍ തന്നെ തുടരും

മഡ്രിഡ്: കരാര്‍ കഴിയുന്നതുവരെ തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് ലയണല്‍ മെസ്സി. മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ താരം, തന്റെ പ്രിയപ്പെട്ട ക്ലബിനെ നിയമ പോരാട്ടങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് അവസാന വാരത്തിലായിരുന്നു 16 സീസണുകളിലായി കളിക്കുന്ന ബാഴ്‌സ വിടാനുള്ള തീരുമാനം മെസ്സി പ്രഖ്യാപിച്ചത്.

കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ, അത് മെസ്സിക്ക് പാലിക്കാന്‍ കഴിയാതിരുന്നതാണ് അനിശ്ചിതത്വങ്ങള്‍ക്ക് വഴി വെച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെപിടിച്ചതും താരത്തെ നിലനിര്‍ത്തുന്നതും.

6,000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മറ്റ് ക്ലബുകള്‍ക്ക് മെസ്സിയെ സ്വന്തമാക്കാന്‍ കഴിയാതിരുന്നതും, ബാഴ്‌സയില്‍ തന്നെ തുടരാന്‍ മെസ്സിയെ പ്രേരിപ്പിച്ചു. 2021 ജൂണ്‍ വരെയാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാര്‍.

Content Highlight: Messi to continue in Barcelona