കൊവിഡ് രോഗികൾക്ക് ഭീഷണിയായി മലേറിയയും ഡെങ്കിപ്പനിയും; മരണനിരക്ക് വർധിക്കുന്നു

Dengue, malaria a new threat for Covid patients

കൊവിഡ് രോഗികൾക്ക് മലേറിയയും ഡെങ്കിപ്പനിയും ബാധിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡിന് പുറമെ ഇത്തരം രോഗങ്ങൾ വർധിക്കുന്നത് രോഗികളുടെ ആരോഗ്യനില വഷളാക്കുന്നുവെന്നും മരണത്തിന് വരെ കാരണമാകുന്നുവെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ കൊവിഡിനൊപ്പം മറ്റ് രോഗങ്ങൾ കൂടി ബാധിച്ചവർ എത്തിയിരുന്നു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ മലേറിയ ബാധിച്ച് എത്തിയ രോഗിയെ പരിശോധിച്ചപ്പോൾ കൊവിഡും ഡെങ്കിപ്പനിയും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു.

ലോക് നായക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാലുകാരനായ കൊവിഡ് രോഗിയുടെ പ്ലേറ്റ്ലെറ്റ് നിരക്കിൽ കുറവ് വന്നതിനെ തുടർന്ന് പരിശോധയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെങ്കിപ്പനി ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. കൊതുക് വഴി പകരുന്ന രോഗങ്ങൾ വലിയ തോതിൽ ഉയരാൻ സാധ്യതയുള്ള മാസങ്ങളാണ് ഇനി വരാൻ പോകുന്നതെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും ഇവർ പറയുന്നു. ജൂൺ-ജൂലെെ മാസങ്ങളിലാണ് ഡെങ്കിപ്പനി പടരാൻ തുടങ്ങുന്നത്. ഒക്ടോബറിൽ ഇത് ഏറ്റവും കൂടിയ തോതിലാകും. ആരോഗ്യപ്രവർത്തകരും സർക്കാരും ഇക്കാര്യം കൂടി ശ്രദ്ധിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

content highlights: Dengue, malaria a new threat for Covid patients