ക്ഷേമ പെൻഷൻ 1400 രൂപയായി വർധിപ്പിച്ചു; എല്ലാ മാസവും വിതരണം ചെയ്യാനും തീരുമാനം

Kerala government increased welfare pension

ക്ഷേമ പെൻഷനുകൾ 1,400 രൂപയായി വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 1,300 രൂപയായിരുന്ന പെൻഷൻ 100 രൂപ കൂട്ടി വർധിപ്പിക്കുകയായിരുന്നു. നൂറു ദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ നടപ്പാക്കുമെന്ന സർക്കാർ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു സുരക്ഷ-ക്ഷേമ പെൻഷൻ വർധന. 

ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം പാലിക്കുകയാണെന്നും ക്ഷേമ പെൻഷനുകൾ 1,400 രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കിയെന്നും എല്ലാ മാസവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ അറിയിച്ചു. 

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ – ക്ഷേമ പെൻഷൻ വർദ്ധന. ഓണത്തലേന്ന് നൽകിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങൾ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സർക്കാർ. പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്.

content highlights: Kerala government increased welfare pension