കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റുകൾ വർധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം വന്നിരിക്കുന്നത്.
വേഗത്തിൽ പരിശോധനാഫലം ലഭിക്കുന്നതും കുറഞ്ഞ നിരക്കിൽ ചെയ്യാൻ പറ്റുന്നതുമായ പരിശോധന മാർഗമാണ് റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾ. എന്നാൽ ഈ ടെസ്റ്റുകളിൽ കൂടുതലും നെഗറ്റീവ് റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഐ.സി.എം.ആർ കണ്ടെത്തിയിരുന്നു. കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരേയും ആൻ്റിജൻ ടെസ്റ്റ് നടത്തണമെന്ന് സമീപ കാലത്ത് ഐ.സി.എം.ആർ നിർദേശിച്ചിരുന്നു. നെഗറ്റീവ് ഫലം വന്നാലും കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താമെന്നാണ് പുതിയ നിർദ്ദേശത്തിൽ പറയുന്നത്.
content highlights: Need to retest symptomatic cases who were tested negative in Antigen tests