”ചരിത്രം നിങ്ങളുടെ നിശബ്ദതയെ ചോദ്യം ചെയ്യും’ സോണിയ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കങ്കണ

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പോരിനിടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ചരിത്രം നിങ്ങളുടെ നിശബ്ദതയെയും, നിസംഗതയെയും ചോദ്യം ചെയ്യുമെന്ന് പറഞ്ഞാണ് സോണിയാ ഗാന്ധിക്കെതിരെ കങ്കണ രംഗത്ത് വന്നത്. ബുധനാഴ്ച്ച കങ്കണയുടെ ഓഫീസ് പൊളിച്ച് നീക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ ഉപദ്രവകരമെന്നാണ് കങ്കണ പ്രതികരിച്ചത്.

‘ബഹുമാന്യയായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ജി, ഒരു സ്ത്രീയെന്ന നിലയില്‍ മഹാരാഷ്ട്രയില്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്നോട് ചെയ്തതില്‍ നിങ്ങള്‍ വ്യാകുലപ്പെടുന്നില്ലേ? ഡോ. അംബേദ്കര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഭരണഘടനയുടെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ലേ?’ എന്നാണ് കങ്കണ തന്റെ ട്വിറ്ററില്‍ കുറിച്ചത്. പശ്ചിമ ഘട്ടത്തില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന നിങ്ങള്‍ക്ക് സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അറിയാമായിരിക്കുമെന്നും കങ്കണ കുറിച്ചു. നിയമത്തെ കോമാളിയാക്കി ഒരു സ്ത്രീയെ ഇത്രയധികം ഉപദ്രവിക്കുന്ന നിങ്ങളുടെ സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.

ശിവസേന രൂപകര്‍ത്താവ് ബാല്‍ താക്കറെക്ക് എതിരെയും കങ്കണ വിമര്‍ശനമുയര്‍ത്തിയിരുന്നു. ബാല്‍ സാഹെബ് താക്കറെ താന്‍ ആരാധിച്ചിരുന്ന ഒരു വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ഭയം ശിവസേന കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറയുമോ എന്നതായിരുന്നെന്നും കങ്കണ കുറ്റപ്പെടുത്തി. ശിവസേനയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസാക്ഷി എന്താണ് ചിന്തിക്കുന്നതെന്നറിയറിയാന്‍ താല്‍പര്യമുണ്ടെന്നും കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.

ശിവസേനയുടെ പ്രത്യശാസ്ത്രത്തില്‍ മാറ്റം വരുത്തി ‘സോണിയ സേന’യെന്ന് പുനര്‍ നാമകരണം ചെയ്യാനും കങ്കണ ഇന്നലെ പറഞ്ഞിരുന്നു.

ബുധനാഴ്ച്ചയാണ് മുംബൈയിലെ കങ്കണയുടെ ഓഫീസ് കെട്ടിടം ബിഎംസി പൊളിച്ച് മാറ്റാന്‍ ആരംഭിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതിയില്‍ നടി നല്‍കിയ ഹര്‍ജി പരിഗണിച്ച് കെട്ടിടം പൊളിക്കുന്നത് നിര്‍ത്തി വെക്കുകയായിരുന്നു.

Content Highlight: “History Will Judge Your Silence”: Kangana Ranaut Targets Sonia Gandhi