ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു

prosecution against actor Dileep

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദീലിപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകന്‍ വഴിയാണ് കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. 

ദിലീപിനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ കോടതിയില്‍ മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ്റെ പുതിയ നീക്കം. നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടി നൽകാൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതി ആറുമാസം കൂടി അനുവദിച്ചിരുന്നു. ആറുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാൽ കൊവിഡും ലോക്ഡൗണും കാരണം വിചാരണ പൂര്‍ത്തിയാക്കാനായില്ലെന്ന് കാണിച്ചായിരുന്നു സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കേസിലെ വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content highlights: prosecution against actor Dileep