ഡൽഹി കലാപത്തിൽ യെച്ചൂരിയെ പ്രതി ചേർത്തെന്ന മാധ്യമ വാർത്തകൾ തള്ളി പൊലീസ്

Sitaram Yechury, Yogendra Yadav not charged in Delhi riots: Cops

ഡൽഹി കലാപകേസിൽ  സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഡല്‍ഹി പോലീസ്. പ്രതികളുടെ മൊഴികളിൽ മാത്രമാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിൻ്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവർ കലാപത്തിൻ്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് ഡല്‍ഹി പോലീസിൻ്റെ കുറ്റപത്രത്തിലുണ്ടെന്നായിരുന്നു വാർത്തകൾ. 

കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിൻ്റെ  അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയുള്ളു എന്ന് ഡൽഹി പൊലീസ് അറിയിച്ചു. 

ഡൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വാർത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ അറിയിച്ചു. ജെ.എന്‍.യു. വിദ്യാര്‍ഥികളും പിഞ്ജ്ര തോഡ് സംഘടനയുടെ പ്രവര്‍ത്തകരുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരാണ് പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെപേരില്‍ യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നയിച്ചവരാണ് കലാപത്തിന് ആസുത്രണം ചെയ്തതെന്ന് ഡൽഹി പൊലീസ് പറയുന്നു. 

content highlights: Sitaram Yechury, Yogendra Yadav not charged in Delhi riots: Cops