പ്രതിഷേധം കണ്ട് തെറ്റിദ്ധരിക്കരുത്; കർഷകരോട് നരേന്ദ്രമോദി

തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുകയാണെന്നും അനാവശ്യമായ പ്രതിഷേധങ്ങൾ കണ്ട് കർഷകർ തെറ്റിദ്ധരിക്കപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകന് മതിയായ വില കിട്ടില്ലെന്ന് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. രാജ്യത്തെ കർഷകർ കാര്യങ്ങളെക്കുറിച്ച് എത്രമാത്രം ബോധ്യമുള്ളവരാണെന്ന് ഇവർ മറക്കുന്നു. മോദി പറഞ്ഞു. ബിഹാറിലെ റെയിൽപ്പാലത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലി ദൾ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് മോദിയുടെ വിശദീകരണം. കർഷകരെ സംരക്ഷിക്കുന്ന ചരിത്ര നിയമമാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഗോതമ്പും അരിയും കർഷകരിൽ നിന്ന് സർക്കാർ വാങ്ങില്ലെന്ന വ്യാജവാർത്ത പ്രചരിക്കുകയാണ്. അത് പൂർണമായും തെറ്റാണ്. കർഷകരുടെ പ്രശ്നങ്ങളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിയണമെന്ന് രാജ്യത്തെ എല്ലാ കർഷകരോടും അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. 

നിലനിന്നിരുന്ന പഴയ സംവിധാനത്തിൻ്റെ സാധ്യതകളെപ്പറ്റി പറഞ്ഞ് നിങ്ങളെ ദുരിതത്തിൽ നിലനിർത്താനാണ് ഇവരൊക്കെ ആവശ്യപ്പെടുന്നത്. ഇങ്ങനെ കർഷകരെക്കുറിച്ചും കൃഷിയെക്കുറിച്ചും ഒരുപാട് സംസാരിക്കുന്നവർ ഇത്ര കാലം ഭരിച്ചിട്ടും കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്ക് മിനിമം താങ്ങുവില നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മോദി വ്യക്തമാക്കി. കാർഷിക ബില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്ന പേരിൽ പ്രചാരണ പരിപാടി നടത്താനൊരുങ്ങുകയാണ് മോദി സർക്കാർ. 

content highlights: “Don’t Be Misled”: PM To Farmers As Politics Heats Up Over Agri Bills