പോളിസി ലംഘനം; പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസികള്‍ക്ക് അനുകൂലമല്ലാത്ത നടപടി കണ്ടെത്തിയതിന്‍ തുടര്‍ന്ന് പ്രമുഖ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. അടുത്തിടെ പേടിഎമ്മില്‍ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫീച്ചറാണ് പ്ലേ സ്റ്റോറിന്റെ പോളിസിക്ക് എതിരായി ഉള്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ കാസിനോ ആപ്ലിക്കേഷനുകള്‍ക്കും മറ്റ് വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേ സേവനം നല്‍കുന്ന പേടിഎമ്മിന്റെ തന്നെ ഫസ്റ്റ് ഗെയിംസ് എന്നറിയപ്പെടുന്ന മറ്റൊരു ആപ്ലിക്കേഷനും പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിലും ഫാന്റസി ക്രിക്കറ്റ് ഫീച്ചറാണ് ഉള്‍പ്പെടുത്തിയിരുന്നത്. പണം ഉപയോഗിച്ചുള്ള വാത് വെയ്പ്പ് കണ്ടെത്തിയതോടെയാണ് ഈ ആപ്ലിക്കേഷനും നിരോധിച്ചത്.

പുതിയതായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ് ബുദ്ധിമുട്ട്. നിലവില്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിന് വിലക്കില്ല.

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറില്‍ എത്തിക്കുമെന്നും നിലവിലെ ഉപയോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും പേടിഎമ്മിന്റെ ട്വീറ്റില്‍ പറയുന്നു.

Content Highlights: Paytm App Pulled From Google Play, Paytm First Games Removed Alongside