സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഐടി ആക്ട് പ്രകാരം കഴിഞ്ഞ വർഷം 3,635 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചു. കോൺഗ്രസ് എംപി റവ്നീത് സിങിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐടി മന്ത്രാലയം. 2018ൽ 2,799 പേജുകളും 2017ൽ 1,385 പേജുകളുമാണ് ഐട് ആക്ട് ലംഘനത്തെ തുടർന്ന് ബ്ലോക്ക് ചെയ്തത്. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത സെെബർ സ്പെയ്സിലെ തൽക്ഷണമുള്ള ആശയവിനിമയവും രഹസ്യാത്മകതയും സാമൂഹ്യ മാധ്യമങ്ങളെ കുറ്റകൃത്യങ്ങൾക്ക് ചെയ്യുവാനുള്ള ഒരു പ്ലാറ്റ്ഫോമാക്കി മാറ്റിയെന്ന് മന്ത്രാലയം പാർലമെൻ്റിൽ പറഞ്ഞു.
ഇൻ്റർനെറ്റിൻ്റെ ഉപയോഗം വർധിച്ചതോടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും വികസിച്ചുവെന്നും അക്രമണത്തിനും വിദ്വേഷ പ്രചാരണത്തിനും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും ഐടി മന്ത്രാലയം പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനും ഐടി ആക്ടിൻ്റെ ചട്ടകൂടിൽ നിന്നുകൊണ്ടുള്ള കൃത്യമായ നിയന്ത്രണ സംവിധാനം സർക്കാരിനുണ്ടെന്നും ഐടി മന്ത്രാലയം പറഞ്ഞു. ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരം 224 മൊബെെൽ ആപ്ലിക്കേഷനുകളാണ് ഇതുവരെ നിരോധിച്ചിട്ടുള്ളത്. ദേശീയ സുരക്ഷ പരിഗണിച്ചാണ് അത്തരം ആപ്പുകൾ നിരോധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
content highlights: IT ministry tackled 3,635 ‘misuse of social media’ cases in 2019