റഫാലിലെ ഓഫ്സെറ്റ് വ്യവസ്ഥകൾ പാലിക്കാതെ ഡാസോ ഏവിയേഷൻ; വിമർശനവുമായി സിഎജി

Dassault Yet To Transfer Tech To India As Part Of Rafale Deal: Auditor

റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓഫ്സെറ്റ് കരാർ പ്രകാരം ചെയ്യേണ്ട കാര്യങ്ങളൊന്നും ഡാസോ ഏവിയേഷൻ ഇതുവരെ ചെയ്തിട്ടില്ലെന്ന് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ. ബുധനാഴ്ച പാർലമെൻ്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഓഫ്സെറ്റ് നിയമം അനുസരിച്ച് വിദേശ സ്ഥാപനങ്ങളുമായുള്ള കരാറിൽ ഇടപാട് തുകയുടെ നിശ്ചിത ശതമാനം വിദേശ നിക്ഷേപം ആയി രാജ്യത്തിന് കെെമാറേണ്ടതുണ്ട്. 300 കോടിക്ക് മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡം ബാധകമാണ്.

ഓഫ്സെറ്റ് കരാർ പ്രകാരം എയർക്രാഫ്റ്റ് നിർമാതാക്കളായ ഡാസോ ഏവിയേഷനും എയർക്രാഫ്റ്റിൻ്റെ മിസെെൽ നിർമാതാക്കളായ എംബിഡിഎയും നിർമാണ സാങ്കേതിക വിദ്യയുടെ 30 ശതമാനം ഡിആർഡിഒയ്ക്ക് കെെമാറേണ്ടതുണ്ട്. എന്നാൽ ഇത് ഇരു കമ്പനികളും ചെയ്തിട്ടില്ല. 2016ൽ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഫ്രാൻസുമായി റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് കരാറിൽ ഒപ്പ് വെയ്ക്കുന്നത്. ജൂലെെ 29ന് റഫാൽ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. ഓഫ്സെറ്റ് കരാറിൽ വീഴ്ച സംഭവിച്ചിട്ടും പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

2005 മുതൽ 2018 മാർച്ച് വരെ മൊത്തം 66,427 കോടി രൂപയുടെ 48 ഓഫ്‌സെറ്റ് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇതിൽ 19,223 കോടി രൂപ 2018 ഡിസംബറോടെ ലഭിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

content highlights: Dassault Yet To Transfer Tech To India As Part Of Rafale Deal: Auditor